കോടികളുടെ അഴിമതി ആരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന ബിജെപി എംഎൽഎക്ക് മുൻകൂർ ജാമ്യം

single-img
7 March 2023

കർണാടകയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന ബിജെപി എംഎൽഎ മാഡൽ വിരൂപാക്ഷപ്പയ്ക്ക് മുൻകൂർ ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന ലോകായുക്ത രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് മാഡൽ വിരൂപാക്ഷപ്പ.

ഇദ്ദേഹം മൈസൂർ സാൻഡൽ സോപ്സ് നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാർ നൽകാൻ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. അന്വേഷണത്തിൽ വിരൂപാക്ഷപ്പയുടെ മകൻ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി എംഎൽഎ ഒളിവിലാണ്.

അതേസമയം, ജാമ്യം ലഭിക്കാനായി അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നിവയാണ് മുൻകൂർ ജാമ്യ വ്യവസ്ഥകൾ. കർണാടക സോപ്സ് കമ്പനിയുടെ പരിസരത്ത് പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയുണ്ട്. ഇദ്ദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

ലോകായുക്ത ഉടൻ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. എംഎൽഎയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും മകൻ വഴി കൈക്കൂലി നൽകണമെന്ന് പറഞ്ഞെന്നും കോൺട്രാക്റ്റർ‍ പരാതി നൽകിയിരുന്നു. എംഎൽഎ മദൽ വിരുപാക്ഷപ്പയുടെ മകനായ പ്രശാന്ത് മദലിന്റെ വീട്ടിൽ നിന്നാണ് ലോകോയക്ത അഴിമതി വിരുദ്ധ സ്ക്വാഡ് പണം പിടിച്ചെടുത്തത്. ഇയാൾ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. തുടർന്നാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിൽ നിന്ന് ആറുകോടി രൂപയാണ് കണ്ടെടുത്തത്.