ഗുജറാത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർ ക്രിമിനൽ കേസുകളിൽ പ്രതികൾ

single-img
11 December 2022

182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

പുതിയ 29 അംഗങ്ങൾ കൊലപാതകശ്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുമ്പോൾ ഇതിൽ 20 പേർ ബിജെപിയുടെയും നാലു പേർ കോൺഗ്രസിന്റെയും എംഎൽഎമാരാണ്. ആം ആദ്മി പാർട്ടി(2), സ്വതന്ത്രർ(2), സമാജ്‌വാദി പാർട്ടി(1) എന്നിങ്ങനെയാണ് മറ്റുള്ള പാർട്ടികളുടെ നില.

എഡിആർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 156 ബിജെപി എംഎൽഎമാരിൽ 26 പേരും, 17 കോൺഗ്രസ് എംഎൽഎമാരിൽ 9 പേരും, അഞ്ചിൽ രണ്ട് എഎപി എംഎൽഎമാരും, മൂന്നിൽ രണ്ട് സ്വതന്ത്രരും തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയുടെ ഏക എംഎൽഎയായ കണ്ടാൽ ജഡേജയ്‌ക്കെതിരെയും ക്രിമിനൽ കേസ് നിലവിലുണ്ട്.

മൂന്ന് നേതാക്കൾ 307-ാം വകുപ്പ് പ്രകാരം വധശ്രമം പോലുള്ള ഗുരുതരമായ കേസുകൾ നേരിടുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് എംഎൽഎയായ വൻസ്‌ദ അനന്ത് പട്ടേൽ, പാടാൻ കിരിത് പട്ടേൽ, ബിജെപി എംഎൽഎ ഉന കാലുഭായ് റാത്തോഡ് എന്നിവരാണ് ഈ സ്ഥാനാർത്ഥികൾ.

നാല് നിയമസഭാംഗങ്ങളാവട്ടെ സെക്ഷൻ 354 (സ്ത്രീകളെ അപമാനിക്കൽ) സെക്ഷൻ 376 (ബലാത്സംഗം) എന്നിവ പ്രകാരം സ്ത്രീകൾക്കെതിരായ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.