യുദ്ധ പ്രതിസന്ധി ഇന്ത്യയുടെ കാർഷിക മേഖലയിലേക്കും ; യൂറിയയ്ക്ക് വേണ്ടി ചൈനയുടെ സഹായം തേടി ഇന്ത്യ

പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യയുടെ കാർഷിക മേഖലയിലേക്കും പടരുന്നു. യുദ്ധത്തെത്തുടർന്ന് പ്രകൃതിവാതക വിതരണം തടസ്സപ്പെട്ടതും വളം ഉൽപാദനം നിലച്ചതും പരിഹരിക്കാൻ ഇന്ത്യ ചൈനയുടെ സഹായം തേടിയതായാണ് വിവരം. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി വർധിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
വളം ഉൽപാദനത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവായ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ പല വളം നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഉത്പാദകരായ ചൈനയോട് ഇന്ത്യ സഹായം അഭ്യർത്ഥിച്ചത്. എന്നാൽ, ഇരു രാജ്യങ്ങളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ യൂറിയയുടെ ആഗോള വില 21 ശതമാനം വർധിച്ച് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. നിലവിൽ ഇന്ത്യയിൽ വളക്ഷാമം നേരിടുന്നില്ലെങ്കിലും, മൺസൂൺ കാലം ആരംഭിക്കുന്നതോടെ ആവശ്യം വർധിക്കുമെന്നതിനാൽ മുൻകരുതൽ നടപടിയായാണ് ഇന്ത്യ നീക്കം നടത്തുന്നത്.
ചൈനയെ കൂടാതെ റഷ്യ, ഇന്തോനേഷ്യ, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും യൂറിയ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 9.8 ദശലക്ഷം ടൺ യൂറിയയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.


