ഹിജാബ് വിരുദ്ദ സമരം: 17 കാരിയുടെ മൃതദേഹം ഇറാൻ പോലീസ് കൈമാറിയത് മൂക്ക് മുറിഞ്ഞ നിലയിൽ

single-img
3 October 2022

ഹിജാബ് വിരുദ്ദ സമരത്തിന്റെ പേരിൽ ഇറാൻ സർക്കാർ സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തുടരുന്നു. ശനിയാഴ്ച ഹിജാബ് വിരുദ്ദ പ്രതിഷേധത്തിന് നേതൃത്വം നൽകിയ 17 കാരിയായ നിക ശക്രമിയാണ് ഇറാൻ പോലീസിന്റെ ക്രൂരതക്ക് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടി. പോലീസ് കൈമാറിയ നിക ശക്രമിയുടെ മൃതദേഹം മൂക്ക് മുറിച്ചു മാറ്റിയ നിലയിൽ ആയിരുന്നു എന്നാണു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ തലയിൽ 29 മുറിവുകളുണ്ടായിരുന്നു.

‘ദ ടെലിഗ്രാഫ്’ റിപ്പോർട്ട് പ്രകാരം ടെഹ്‌റാനിലെ മാർക്കറ്റിൽ വെച്ചാണ് നിക്കയെ മോറൽ പോലീസ് അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലെ എല്ലാ ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലും പോലീസ് സ്റ്റേഷനുകളിലും തിരഞ്ഞെങ്കിലും കുടുംബത്തിന് നികയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ശനിയാഴ്ച പോലീസ് നിക്കയുടെ വീട്ടുകാരെ വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു.

നിക്കയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളെ കുറിച്ച് കുടുംബം ചോദിച്ചപ്പോൾ, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിക്ക ഉയർന്ന സ്ഥലത്ത് നിന്ന് വീണുവെന്നും തലയ്‌ക്കേറ്റ ക്ഷതമാണ് എന്നും, ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കരുതെന്നും, അല്ലാത്തപക്ഷം ഫലം നല്ലതല്ലെന്നും പറഞ്ഞു പോലീസ് ഭീഷണിപ്പെടുത്തി എന്നും കുടുംബം ആരോപിക്കുന്നു.

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മഹ്സ അമിനി എന്ന 22 കാരിയായ വിദ്യാർത്ഥിയെ സപ്തംബർ 13 ന് സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും പോലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഇറാനിൽ ഹിജാബ് വിരുദ്ദ സമരം ശക്തിപ്രാപിക്കുന്നത്. മഹ്‌സയുടെ മരണശേഷം ഇതുവരെ 92 പേർ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ഹിജാബ് വിരുദ്ധ പ്രതിഷേധം 164 നഗരങ്ങളിൽ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പതിനേഴുകാരിയായ നിക ശക്രമിയുടെ മരണത്തോടെ ജനങ്ങളുടെ രോഷം ആളിപ്പടരുകയാണ്. അതേസമയം സമരം ഉപേക്ഷിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സർക്കാർ വീണ്ടും സമരക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.