ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല; കര്‍ണാടകയില്‍ ലയിക്കണമെന്ന് മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍

single-img
7 December 2022

മഹാരാഷ്ട്രയെ വേണ്ടെന്നും തങ്ങൾക്ക് കര്‍ണാടകയില്‍ ലയിക്കണമെന്നും അതിര്‍ത്തിയിലെ 11 ഗ്രാമങ്ങള്‍. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമാകവേയാണ് ഇത്തരത്തിൽ ഒരു ആവശ്യവുമായി മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ എത്തിയത്.

തങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തില്‍ ലയിക്കാൻ അനുവദിക്കണമെന്ന് സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങളാണ് ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കി.

സോലാപൂരിലുള്ള കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അന്ധേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗ്രുൾ, ഷവാൾ എന്നീ പഞ്ചായത്തുകളാണ് തങ്ങൾക്ക് കര്‍ണാടകയില്‍ ലയിക്കണമെന്ന ആവശ്യം കലക്ടർക്ക് മുന്നില്‍ രേഖാമൂലം അവതരിപ്പിച്ചത്.

ഈ പഞ്ചായത്തുകളില്‍ ഗതാഗത യോഗ്യമായ റോഡുകളോ വൈദ്യുതിയോ വെള്ളമോ ഇല്ലെന്നും കര്‍ണാടകയില്‍ മികച്ച സൗകര്യമുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞു. പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണിന് റേഞ്ച് പോലും ലഭിക്കുന്നില്ലെന്നും സ്കൂളുകളിലേക്ക് അധ്യാപകര്‍ക്ക് എത്താന്‍ പോലും സാധിക്കുന്നില്ലെന്നും പരാതിയുമുണ്ട്. തങ്ങൾ ദുരിതത്തിൽ കഴിയുമ്പോഴും അയൽസംസ്ഥാനമായ കർണാടകയിലെ പ്രദേശങ്ങളിൽ എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നാണ് ഗ്രാമീണർ പറയുന്നത്.