മഡുറോ വിഷയത്തിൽ ട്രംപിന് പിന്തുണയുമായി സെലൻസ്കി; യുഎസ് നടപടിയെ ന്യായീകരിച്ച് യുക്രെയ്ൻ

single-img
4 January 2026

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി രംഗത്തെത്തി. ഏകാധിപതികളെ ഇത്തരത്തിൽ കൈകാര്യം ചെയ്യാൻ അറിയുന്ന രാജ്യമാണ് അമേരിക്കയെന്നും, ഇനി എന്ത് ചെയ്യണമെന്ന് അവർക്കു വ്യക്തമാണെന്നും സെലൻസ്കി പറഞ്ഞു. യുക്രെയ്ൻ ഫോറത്തിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ, വെനസ്വേലയിലെ അമേരിക്കൻ നടപടിയെക്കുറിച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയും പ്രതികരിച്ചു. മഡുറോയുടെ ഭരണകൂടം എല്ലാ അർഥത്തിലും നിയമങ്ങൾ ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്വേച്ഛാധിപത്യം, അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ നിലകൊള്ളുന്ന രാജ്യമാണ് യുക്രെയ്ൻ എന്നും, വെനസ്വേല ജനങ്ങൾക്ക് മഡുറോ ഈ അവകാശങ്ങൾ നിഷേധിച്ചുവെന്നും സിബിഹ വ്യക്തമാക്കി.

ലോകത്തെ ജനാധിപത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും മഡുറോ ഭരണകൂടം നടത്തുന്ന അക്രമങ്ങൾ, പീഡനങ്ങൾ, വ്യാപക കുറ്റകൃത്യങ്ങൾ, വോട്ട് മോഷണം തുടങ്ങിയ വിഷയങ്ങളിൽ മുൻപും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ആൻഡ്രി സിബിഹ എക്‌സിൽ കുറിച്ചു.