ഇന്നലെ കേരളത്തിൽ കറുത്ത ദിനമായിരുന്നു: പ്രകാശ് ജാവദേക്കർ

single-img
24 September 2022

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ഹർത്താലിനിടെ നടന്ന അക്രമങ്ങളെ അപലപിച്ചുകൊണ്ട് മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ആക്രമണങ്ങൾക്ക് സംസ്ഥാനത്തെ ഇടതു സർക്കാരും തുല്യ ഉത്തരവാദികളാണെന്ന് സിപിഐ എമ്മിനെതിരെ ആഞ്ഞടിച്ചു.

രാജ്യവ്യാപകമായി 15 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ റെയ്ഡ് നടത്തിയെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് മാത്രമാണ് അക്രമം നടന്നതെന്ന് ബിജെപിയുടെ കേരള ഇൻചാർജ് ജാവദേക്കർ പറഞ്ഞു.

ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് സംഘടനയ്‌ക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിലുള്ള പാൻ ഇന്ത്യ റെയ്ഡിനെതിരെ വെള്ളിയാഴ്ച പുലർച്ചെ മുതൽ സന്ധ്യ വരെ ഹർത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധം പലയിടത്തും അക്രമാസക്തമാകുകയുംചെയ്തിരുന്നു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ടും സിപിഐഎമ്മും കൈകോർത്തിരിക്കുന്നതിനാൽ സംസ്ഥാനം സമ്പൂർണ നിയമലംഘനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി ആരോപിച്ചു. “ഇന്നലെ കേരളത്തിൽ കറുത്ത ദിനമായിരുന്നു. ” ജാവദേക്കർ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന അക്രമം ആസൂത്രിതമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “ഇടതുമുന്നണി സർക്കാരാണ് ഉത്തരവാദി. 15 സംസ്ഥാനങ്ങളിൽ പിഎഫ്ഐ ഓഫീസുകൾക്ക് നേരെ റെയ്ഡ് നടത്തി. എന്നാൽ കേരളത്തിൽ മാത്രമാണ് അക്രമം നടന്നത്. അതിനാൽ ഇന്നലെ കേരളത്തിൽ നടന്ന അക്രമങ്ങൾക്ക് എൽഡിഎഫ് സർക്കാരും തുല്യ ഉത്തരവാദികളാണ്,” അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം തന്നെ പിഎഫ്‌ഐയുടെ പേര് പരാമർശിക്കാതെ നിക്ഷ്പക്ഷ പ്രസ്താവനയാണ് കോൺഗ്രസ് നടത്തിയതെന്നും ബിജെപി നേതാവ് കോൺഗ്രസിനെ കടന്നാക്രമിച്ചു. “രാഹുൽ ഗാന്ധിയോട് എന്തുകൊണ്ടാണ് പിഎഫ്‌ഐ എന്ന് പറയാത്തത് ത് എന്ന് ഞങ്ങൾ ചോദിക്കുന്നു. എന്താണ് ധാരണ? കെ സുധാകരനെ തെരഞ്ഞെടുപ്പിൽ പോപുലർ ഫ്രണ്ട് പിന്തുണച്ചിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഞാൻ അത് പത്രത്തിൽ വായിച്ചിട്ടുണ്ട്,” ജാവദേക്കർ പറഞ്ഞു.

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ കടന്നാക്രമിച്ച അദ്ദേഹം ഇത് സന്ദേശങ്ങളില്ലാത്ത ഒന്നാണെന്ന് പറഞ്ഞു. “കോൺഗ്രസ് ഇപ്പോൾ ഒരു പദയാത്ര നടത്തി. സന്ദേശമില്ലാതെ ഒരു യാത്ര ഞാൻ കണ്ടിട്ടില്ല. അവർ പറയുന്നത് ഭാരത് ജോഡോ എന്നാണ്. ഭാരത് ഇതിനകം ഒന്നാണ്, എന്നാൽ അവരുടെ നേതാക്കൾ കോൺഗ്രസ് വിടുകയാണ്. അവർ കോൺഗ്രസ് ചോഡോ യാത്രയിലാണ്,” ജാവദേക്കർ പറഞ്ഞു.