ഞാൻ ജീവിച്ചിരിക്കുന്നതുവരെ സൗജന്യ വൈദ്യുതി പദ്ധതി നിർത്തലാക്കാനുള്ള ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ല: അരവിന്ദ് കെജ്‌രിവാൾ

single-img
27 March 2023

ഡൽഹിയിൽ തന്റെ സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതി നിർത്തലാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെങ്കിലും ഒരു കാരണവശാലും അത് വിജയിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി നൽകുന്നത് ബിജെപിയെ അസ്വസ്ഥമാക്കുന്നുവെന്ന് ഡൽഹി നിയമസഭയെ അഭിസംബോധന ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.

പലവിധ ഗൂഢാലോചനകൾ നടക്കുന്നുണ്ട്, എന്ത് വില കൊടുത്തും വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനാണ് അവർ ആഗ്രഹിക്കുന്നത്, എന്നാൽ ജീവനുള്ളതു വരെ അത് നടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പവർ ഡിസ്‌കോമുകൾക്ക് നൽകുന്ന സബ്‌സിഡി ഓഡിറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2013ൽ ഡൽഹിയിൽ സർക്കാർ രൂപീകരിക്കുമ്പോൾ ഞങ്ങൾ ഡിസ്കോമുകളുടെ ഓഡിറ്റിന് ഉത്തരവിട്ടിരുന്നു. ഡിസ്കോമുകൾക്ക് നൽകുന്ന സബ്‌സിഡിയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ കെജ്‌രിവാൾ ഉത്തരവിട്ടിട്ടുണ്ടെന്ന് ഡൽഹി വൈദ്യുതി മന്ത്രി അതിഷി നേരത്തെ പറഞ്ഞിരുന്നു.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുമായി എംപാനൽ ചെയ്ത ഏജൻസികൾ ഓഡിറ്റ് നടത്തുമെന്നും ഇതു സംബന്ധിച്ച നിർദേശങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനകം നൽകുമെന്നും അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.