പശ്ചിം ബംഗയായി പശ്ചിമ ബംഗാൾ; പേരുമാറ്റത്തിന് ബിജെപി സർക്കാരിന്റെ നീക്കം, പ്രമേയം ഡിസംബർ 9ന്

പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ പേര് ‘വെസ്റ്റ് ബംഗാൾ’ എന്നതിൽനിന്ന് ‘പശ്ചിം ബംഗ’ എന്നാക്കി മാറ്റാൻ ബിജെപി സർക്കാർ തീരുമാനം. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. മുൻപ് ഇടതുമുന്നണിയും തൃണമൂൽ കോൺഗ്രസും അധികാരത്തിലിരിക്കെ നടത്തിയെങ്കിലും വിജയിക്കാത്ത നീക്കമാണ് ഇപ്പോൾ ബിജെപി സർക്കാർ വീണ്ടും മുന്നോട്ടുകൊണ്ടുപോകുന്നത്.
ഡിസംബർ 4ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഡിസംബർ 9ന് പേരുമാറ്റ പ്രമേയം അവതരിപ്പിക്കും. നിയമസഭയുടെ അംഗീകാരം ലഭിച്ചാൽ പ്രമേയം കേന്ദ്ര സർക്കാരിന് കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ ഔദ്യോഗിക രേഖകളിലും ഭരണപരമായ ആവശ്യങ്ങൾക്കും ‘പശ്ചിം ബംഗ’ എന്ന പേര് നിലവിൽ വരും. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാർട്ടി അധികാരത്തിലിരിക്കുന്നതിനാൽ നടപടികൾക്ക് വലിയ തടസ്സങ്ങളുണ്ടാകില്ലെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിലയിരുത്തൽ.
ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ‘W’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാന ഭാഗത്താണ് ഇടംപിടിക്കുന്നത്. ഇതുമൂലം മുഖ്യമന്ത്രിമാരുടെ യോഗങ്ങൾ ഉൾപ്പെടെയുള്ള ദേശീയതല ഭരണപരമായ കൂടിയാലോചനകളിൽ ബംഗാളിന്റെ പ്രതിനിധികൾക്ക് സംസാരിക്കാൻ അവസാനമാണ് അവസരം ലഭിക്കാറുള്ളത്. പേരുമാറ്റത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
സംസ്ഥാനത്തിന്റെ പേരുമാറ്റത്തിനായുള്ള ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1974ൽ സിദ്ധാർത്ഥ് ശങ്കർ റേ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി ഇത്തരമൊരു നിർദേശം ഉയർന്നത്. ബംഗ്ല, ബംഗോ, ബംഗോദേശ്, ബംഗോപ്രദേശ്, ബംഗോഭൂമി തുടങ്ങിയ പേരുകളാണ് അന്ന് പരിഗണിച്ചത്.
1999 ജൂലൈ 20ന് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ സംസ്ഥാനത്തിന്റെ പേര് ‘ബംഗ്ല’ എന്നാക്കാനുള്ള ചർച്ച നിയമസഭയിൽ നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. 2011ൽ അധികാരത്തിലെത്തിയ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ 2011 സെപ്റ്റംബർ 2ന് ‘പശ്ചിം ബംഗ’ എന്ന പേരിനായി നിയമസഭയിൽ പ്രമേയം പാസാക്കി. എന്നാൽ 2014ൽ പാർലമെന്റിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാനുള്ള നീക്കം നടന്നില്ല.
2016ൽ മൂന്ന് ഭാഷകളിൽ മൂന്ന് വ്യത്യസ്ത പേരുകൾ നിർദേശിച്ചുകൊണ്ടുള്ള പ്രമേയം ഭരണഘടനാപരമായി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തള്ളി. തുടർന്ന് 2018 ജൂലൈ 26ന് എല്ലാ ഭാഷകളിലും ‘ബംഗ്ല’ എന്ന പേര് സ്വീകരിക്കാനുള്ള പ്രമേയം നിയമസഭ പാസാക്കി. എന്നാൽ ബംഗ്ലാദേശിന്റെ പേരുമായി സാമ്യമുള്ളത് അന്താരാഷ്ട്ര വേദികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിച്ചു. ബംഗാൾ വിഭജനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതിനാൽ ‘വെസ്റ്റ് ബംഗാൾ’ എന്ന പേര് നിലനിർത്തണമെന്ന വാദവും അന്ന് ഉയർന്നിരുന്നു.
ഇതോടെ വർഷങ്ങളായി നീണ്ടുനിന്ന പേരുമാറ്റ നീക്കത്തിന് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും ജീവൻവെക്കുകയാണ്. ഡിസംബർ 9ന് നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിലേക്കാണ് ഇനി രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ


