വയനാട് ദുരന്ത പുനരധിവാസം; കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ: മുഖ്യമന്ത്രി
വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വയനാട് സന്ദർശിച്ച ശേഷം സംസ്ഥാനത്തിന് അനുകൂല നിലപാട് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമേഖലയില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.
ഈ സമിതിയുടെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്ന് ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ഈ കാര്യത്തിൽ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു എന്നും, ഈ വലിയ ദൗത്യത്തിന് കേന്ദ്രം നല്‍കുന്ന എല്ലാ പിന്തുണക്കും സഹായത്തിനും കത്തിലൂടെ നന്ദി രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനുപുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ അത് ഒരു മൃതദേഹമായി കണക്കാക്കുന്നതാണ് രീതി.
90 ശതമാനത്തില്‍ കുറഞ്ഞതാണെങ്കില്‍ അതിനെ ശരീരഭാഗമായാണ് കണക്കാക്കുക. ഒരാളുടെ തന്നെ ശരീരഭാഗങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങളും പ്രത്യേകമായി കിട്ടിയിട്ടുണ്ടാകാം. ഇതെല്ലാം ഇപ്പോള്‍ തിരിച്ചറിയുക പ്രയാസമാണ്. അതിനാല്‍ എല്ലാ ശരീര ഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം മുഴുവനും വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ.
പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ല. തെരച്ചില്‍ പൂര്‍ണ്ണമായിട്ടില്ല.അതില്‍ 225 മൃതദേഹങ്ങളും 195 ശരീര ഭാഗങ്ങളും ചേര്‍ത്ത് 420 പോസ്റ്റ് മാര്‍ട്ടങ്ങള്‍ നടത്തിക്കഴിഞ്ഞു. 7 ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 178 മൃതദേഹങ്ങളും 2 ശരീര ഭാഗങ്ങളും ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. 47 മൃതദേഹങ്ങളും 186 ശരീര ഭാഗങ്ങളും ചേര്‍ത്ത് ആകെ 233 സംസ്കാരങ്ങളാണ് നടന്നത്, മുഖ്യമന്ത്രി വ്യക്തമാക്കി.