വൈക്കം സത്യാഗ്രഹ ശതാബ്ദി; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ തമിഴ്നാട് സര്‍ക്കാര്‍ ആഘോഷിക്കും: എംകെ സ്റ്റാലിന്‍

single-img
30 March 2023

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ തമിഴ്നാട് സര്‍ക്കാര്‍ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയിലാണ് സ്റ്റാലിന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. വൈക്കം സത്യാഗ്രഹത്തിലെ പ്രമുഖ സമര നേതാവായ പെരിയോര്‍ ഇ വി രാമസ്വാമി നായക്കറുടെ സമരാര്‍ത്ഥം അരുവിക്കുറ്റിയില്‍ സ്മാരകം പണിയുമെന്നും പ്രഖ്യാപിച്ചു.

വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് തന്തൈ പെരിയോറെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചത് അരുവിക്കുറ്റി എന്ന സ്ഥലത്തെ ജയിലില്‍ ആയിരുന്നു. മാത്രമല്ല, സത്യാഗ്രഹ സ്മരണാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കാനുള്ള നീക്കങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നടത്തും. നവംബര്‍ 29 ന് തമിഴ്‌നാട് സര്‍ക്കാര്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു.

കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള നേതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കും. വൈക്കം അവാര്‍ഡ് എന്ന പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. തമിഴ്‌നാടിന് പുറത്ത് പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സമൂല മാറ്റം ഉണ്ടാക്കാന്‍ സാധിച്ചവരെ കണ്ടെത്തിയാണ് അംഗീകാരം നല്‍കുക.