മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന്; ഗവർണർക്ക് പിന്തുണയുമായി വി മുരളീധരൻ

single-img
17 October 2022

ആക്ഷേപിക്കുന്ന മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും താൻ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മന്ത്രിമാരെ ഇറക്കിയുള്ള കളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് ചെലവാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെ നിലകൊള്ളുന്നയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും മുരളീധരൻ പറഞ്ഞു.

നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രിയോട് ഉൾപ്പെടെ വിയോജിച്ച് രാജിവെച്ചയാളാണ്. അങ്ങിനെയുള്ള അദ്ദേഹത്തെ മന്ത്രിമാരെ ഇറക്കി ഭീഷണിപ്പെടുത്താം, നിലക്ക് നിര്‍ത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന്. ഈ കളി അവിടെ ചെലവാവത്തില്ല, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരോട് പറയണം.’ വി മുരളീധരന്‍ ഇന്ന് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ കുറേകാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന സിപിഐഎം നേതാക്കളുടെ ബന്ധുക്കളെ നിയമിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം തടഞ്ഞു. ആ ശ്രമങ്ങളിൽ നിന്നും ഗവര്‍ണറെ വിരട്ടാനും ഭീഷണിപ്പെടുത്താനും വേണമെങ്കില്‍ ശാരീരികമായും ആക്രമിച്ച് വരുതിയിലാക്കാനും വേണ്ടി മുഖ്യമന്ത്രി ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രി മന്ത്രിമാരെ കൊണ്ട് ഗവര്‍ണറെ വിരട്ടുകയാണ്. അത് അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.