ഒഡീഷയിൽ രണ്ട് ട്രെയിനുകൾ പാളം തെറ്റി; 30 പേർ കൊല്ലപ്പെട്ടു; 300 പേർക്ക് പരിക്ക്

single-img
2 June 2023

ഒഡീഷയിലെ ബാലസോറിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി മറ്റൊരു ട്രെയിനിന്റെ കോച്ചുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ 30 പേർ മരിക്കുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

മൂന്നാമത്തെ ചരക്ക് ട്രെയിനും അപകടത്തിൽ പെട്ടതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ഹൗറയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കോറമാണ്ടൽ എക്‌സ്പ്രസിന്റെ ചില കോച്ചുകൾ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു.

മറുവശത്ത് നിന്ന് വരികയായിരുന്ന യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റിയ കോച്ചുകളിൽ ഇടിക്കുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രാലയ വക്താവ് അമിതാഭ് ശർമ മാധ്യമങ്ങളോട് പറഞ്ഞു. 12841 ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്‌സ്‌പ്രസ് , 12864 യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് രണ്ട് ട്രെയിനുകൾ.

കോറോമാണ്ടൽ എക്‌സ്പ്രസിന്റെ പതിനഞ്ച് കോച്ചുകൾ പാളം തെറ്റി, ഒഡീഷ ഫയർ സർവീസസ് മേധാവി സുധാൻഷു സാരംഗിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ബാലസോറിലും പരിസര പ്രദേശങ്ങളിലുമുള്ള മെഡിക്കൽ കോളേജുകൾക്കും ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകുകയും 60 ആംബുലൻസുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.