ബിജെപിയിൽ ചേർന്നില്ല; ഗാംഗുലിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂൽ എംപി

single-img
18 October 2022

ബി.ജെ.പിയിൽ ചേരാൻ തയ്യാറാവാത്തതിനാൽ സൗരവ് ഗാംഗുലിക്കെതിരെ രാഷ്ട്രീയ പകപോക്കൽ ഉണ്ടായതായി തൃണമൂൽ കോൺഗ്രസ് എം പി ഡോ.സന്തനു സെൻ. ഏതാനും മാസങ്ങൾക്ക് മുമ്പ് അമിത് ഷാ സൗരവ് ഗാംഗുലിയുടെ വീട് സന്ദർശിച്ചിരുന്നുവെന്നും ബിജെപിയിലേക്ക് ചേരാൻ ഗാംഗുലിയെ പലതവണ സമീപിച്ചതായി വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബിജെപിയിൽ ചേരാൻ ഗാംഗുലി വിസമ്മതിച്ചതും അദ്ദേഹം ബംഗാളിൽ നിന്നുള്ളതുമാണ് രാഷ്ട്രിയ പകപോക്കലിന് കാരണമായതെന്നും സന്തനു സെൻ കൂട്ടിച്ചേർത്തു. മാത്രമല്ല, കൂടാതെ അമിത്ഷായുടെ മകനെ ബി.സി.സിഐ സെക്രട്ടറിയായി നിലനിർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തലപ്പത്ത് സൗരവ് ഗാംഗുലിയുടെ പിൻഗാമിയായി മുൻ താരം റോജർ ബിന്നിയെ നിയമിച്ചു. ബിജെപി ദേശീയ നേതൃത്വത്തിന് അനഭിമതനായി മാറിയതോടെ സൗരവ് ഗാംഗുലിക്ക് സ്ഥാനമൊഴിയേണ്ടി വന്നതിനു പിന്നാലെയാണ് ബെംഗളൂരു സ്വദേശിയായ റോജർ ബിന്നി പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

ഐ പി എൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്‌തെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ ഗാംഗുലി തയ്യാറായിരുന്നില്ല. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.