ലോക രാഷ്ട്രീയത്തെയും സാമ്ബത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തിന് നാളെ ഒരു വര്‍ഷം

single-img
23 February 2023

ലോക രാഷ്ട്രീയത്തെയും സാമ്ബത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തിന് നാളെ ഒരു വര്‍ഷം.

പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്ബോള്‍ യുദ്ധം ഇനിയും നീളാന്‍ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈന്‍ യുദ്ധത്തിന്റെയും ബാക്കിപത്രം. മരിയ്ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രൈനിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകള്‍. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനില്‍ക്കാന്‍ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എത്തിച്ചുനല്‍കിയ ആയുധങ്ങളാണ്.

റഷ്യയുടെ അധിനിവേശത്തോട് ചെറുത്തു നില്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും യുക്രൈന് നല്‍കിയ ആയുധങ്ങളില്‍ പ്രധാനം അത്യന്താധുനിക യുദ്ധടാങ്കുകള്‍ ആണ്. ഏറ്റവും ഒടുവില്‍ അമേരിക്ക നല്‍കുമെന്ന് പ്രഖ്യാപിച്ചത് 31 എബ്രാംസ് ടാങ്കുകള്‍. ഒരു കോടി അമേരിക്കന്‍ ഡോളര്‍ ഓരോന്നിനും വിലയുള്ള ഈ ടാങ്കുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും യുക്രൈന് നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടന്റെ 14 ചലഞ്ചര്‍ 2 ടാങ്കുകള്‍, ജര്‍മനിയുടെ 14 ലെപ്പേഡ് 2 ടാങ്കുകള്‍ എന്നിവയും അടുത്തിടെ യുക്രൈന് ലഭിച്ചു. റഷ്യയുടെ ആക്രമണം തുടങ്ങും മുന്‍പ് യുക്രൈന്റെ പക്കല്‍ ഉണ്ടായിരുന്നത് സോവിയറ്റ് കാലത്തെ ഏതാനും ടി 72 ടാങ്കുകള്‍ മാത്രമായിരുന്നു. 1970 കളില്‍ നിര്‍മിക്കപ്പെട്ട ടി 72 വിനെ അപേക്ഷിച്ചു എത്രയോ ആധുനികമായ യുദ്ധടാങ്കുകളാണ് ഇന്ന് യുക്രൈന്റെ പക്കല്‍ ഉള്ളത്.

അമേരിക്ക നല്‍കുന്ന എബ്രാംസ് ലോകത്തെ ഏറ്റവും ആധുനികമായ യുദ്ധടാങ്കുകളാണ്. നാറ്റോ രാജ്യങ്ങള്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആധുനിക ടാങ്കുകള്‍ ഇന്ന് യുക്രൈന് നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നു. ടാങ്കുകള്‍ മാത്രമല്ല കവചിത വാഹനങ്ങളുടെയും വലിയ ശേഖരം ഇന്ന് യുക്രൈന്റെ പക്കല്‍ ഉണ്ട്. അമേരിക്ക ഏറ്റവും ഒടുവില്‍ യുക്രൈന് നല്‍കിയത് 90 സ്‌ട്രൈക്കര്‍ കവചിത വാഹനങ്ങളാണ്. 59 ബ്രാഡ്‌ലെ ഫൈറ്റിംഗ് വെഹിക്കിള്‍സും അമേരിക്ക യുക്രൈന് നല്‍കി. പേട്രിയറ്റ് മിസൈല്‍ സംവിധാനം യുക്രൈന് നല്‍കുമെന്ന് അമേരിക്ക ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. നൂറു കിലോമീറ്റര്‍ പരിധിയിലെ ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള പേട്രിയറ്റ് മിസൈല്‍ സംവിധാനം യുക്രൈന് വലിയ രക്ഷയാകുമെന്നതില്‍ സംശയമില്ല. സോവിയറ്റ് കാലത്തെ S300 മിസൈല്‍ സംവിധാനം മാത്രമാണ് മുന്‍പ് യുക്രൈന് ഉണ്ടായിരുന്നത്.

അമേരിക്ക മാത്രമല്ല 46 ലോകരാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുക്രൈന് ആയുധ സഹായം നല്‍കിയിട്ടുണ്ട്. ഒന്‍പതിനായിരം കോടി രൂപയുടെ ആയുധ സാമ്ബത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു എന്നാണ് കണക്ക്. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓസ്‌ട്രേലിയയും കാനഡയും അമേരിക്കയും യുക്രൈന് നല്‍കിയ സുപ്രധാനമായ ആയുധമാണ് M777 ഹൗവിറ്റ്സര്‍. ഒന്നര പതിറ്റാണ്ടായി ലോകത്തെ പ്രധാന സൈന്യങ്ങള്‍ എല്ലാം ഉപയോഗിക്കുന്ന ഈ ആയുധം യുക്രൈന് റഷ്യയ്ക്ക് എതിരായ ചെറുത്തുനില്പില്‍ ഏറെ സഹായകമായി. ദീര്‍ഘദൂര റോക്കറ്റുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും വലിയ ശേഖരം തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് യുക്രൈന് ഇക്കാലയളവില്‍ ലഭിച്ചു.

എന്നാല്‍ യുക്രൈന്റെ ഏറ്റവും വലിയ ആവശ്യങ്ങളില്‍ ഒന്ന് ഇപ്പോഴും നാറ്റോ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അത്യന്താധുനിക യുദ്ധവിമനങ്ങള്‍ നല്‍കണം എന്നതാണ് അത്. യുദ്ധവിമാനങ്ങള്‍ ഉലഭിച്ചാല്‍ റഷ്യയിലേക്ക് കടക്കന്നുകയറി യുക്രൈന്‍ ആക്രമണം നടത്തുമെന്ന് രാജ്യങ്ങള്‍ ഭയക്കുന്നു. അത് യുദ്ധത്തെ മറ്റൊരു തലത്തില്‍ എത്തിക്കുമെന്ന ആശങ്ക കാരണമാണ് യുദ്ധ വിമാനങ്ങള്‍ നല്‍കാത്തത്.