വീണ്ടും നടപടി; മൂന്ന് പൊലീസുകാരെ കൂടെ പിരിച്ചുവിട്ടു

single-img
20 January 2023

ക്രിമിനൽ പോലീസുകാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി മൂന്ന് പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിട്ടു. എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്, എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ഷെറി എസ് രാജ്, ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരന്‍ റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചു വിട്ടത്. തിരുവനന്തപുരം കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റേതാണ് നടപടി.

ലൈംഗിക പീഡന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത് എങ്കിൽ പീഡനക്കേസില്‍ പ്രതികളായ പോലീസുകാരാണ് എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ഷെറി എസ് രാജും ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരന്‍ റെജി ഡേവിഡും. റെജി ഡേവിഡിനെതിരെ നാലോളം സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരായ നടപടി.

അതേസമയം,കഴിഞ്ഞ ദിവസം ഗുണ്ടകളുമായുള്ള ബന്ധത്തിന്റെ പേരിൽ തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാരെ ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോൺസൺ, വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്പി പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു. ഗുണ്ടാസംഘങ്ങളുടെ തര്‍ക്കങ്ങളില്‍ ഇടനില നിന്നതിനാണ് നടപടി. നഗരത്തിൽ അടുത്ത കാലയളവുകളിലായി ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്‌പിമാർക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയത്. തുടർന്നാണ് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്.