മന്ത്രിയുടെത് വെറും അഭിനയം; ഇതിന് ഓസ്കാർ അവാർഡ് തന്നെ നൽകണം: വിഡി സതീശൻ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിക്കിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മന്ത്രിയുടെത് വെറും അഭിനയമാണെന്നും ഇതിന് ഓസ്കാർ അവാർഡ് തന്നെ നൽകണമെന്നുമാണ് സതീശൻ ആലപ്പുഴയിൽ പരിഹസിച്ചത്.
മുദ്രാവാക്യം കേട്ടാൽ കഴുത്തിന് വേദന വരുമോ എന്ന് ചോദിച്ച അദ്ദേഹം, മന്ത്രിയുടെ പ്രകടനം കണ്ടാൽ ഉർവശി അവാർഡ് പോലും കുറഞ്ഞുപോകുമെന്നും കൂട്ടിച്ചേർത്തു. സിപിഎം സംഘപരിവാറിന്റെ ബി ടീമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വർഗീയതയെ ആര് കൂട്ടുപിടിച്ചാലും യുഡിഎഫ് ശക്തമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്കു പരിക്കേറ്റതായി പരാതി ഉയർന്നത്. പോലീസ് വലയം ഭേദിച്ചെത്തിയ പ്രവർത്തകർ മന്ത്രിക്കു നേരെ പ്രതിഷേധിച്ചപ്പോൾ ഉണ്ടായ ഉന്തിനും തള്ളിനുമിടയിൽ കഴുത്തിന് പരിക്കേറ്റു എന്നായിരുന്നു വിശദീകരണം.


