കാണാൻ ആളില്ല; ‘ദി കേരള സ്റ്റോറി’ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കില്ല

single-img
7 May 2023

വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ഹിന്ദി സിനിമ ദി കേരള സ്റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കില്ല. ക്രമസമാധാന പ്രശ്നം മുൻനിർത്തിയാണ് ഈ തീരുമാനം. മാത്രമല്ല, ഈ ഇനിമ കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന കാരണം കൂടി പരിഗണിച്ചാണ് തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരം ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചത്.

അതേസമയം, നേരത്തെ കേരളാ സ്റ്റോറി റിലീസ് ചെയ്യുന്നതിനെതിരെ തമിഴ്‌നാട്ടിലെ നാം തമിഴര്‍ പാര്‍ട്ടി (എന്‍ടികെ) ശനിയാഴ്ച ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പാര്‍ട്ടിയുടെ പ്രധാന സംഘാടകനും നടനും സംവിധായകനുമായ സീമാന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ സ്‌കൈവാക്ക് മാളിന് സമീപമുള്ള ചെന്നൈ അണ്ണാനഗറിലാണ് പ്രതിഷേധം നടത്തിയത്.

സീമാന്റെ പ്രതിഷേധ ആഹ്വാനത്തെത്തുടര്‍ന്ന്, കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനെതിരെ എന്‍ടികെ പ്രവര്‍ത്തകര്‍ തിയേറ്ററിനുള്ളില്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പിന്നീട് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകളോടും സിനിമ കാണരുതെന്ന് തമിഴിനാട്ടിലെ ജനങ്ങളോടും സീമാന്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.