ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളെ ഏറ്റെടുക്കാൻ തയ്യാറായി സർക്കാർ

single-img
21 December 2022

തിരുവനന്തപുരം: ചികിത്സക്കായി എത്തിച്ചതിന് ശേഷം ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കും.

ഇവരുടെ പുനരധിവാസം സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനായി സൗകര്യമൊരുക്കും.

ഇത്തരത്തില്‍ വയോജനങ്ങളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കാന്‍ സാമൂഹ്യനീതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ഭാരവാഹികള്‍, ആരോഗ്യ വിദ്യാഭ്യാസ മേധാവികള്‍, സാമൂഹ്യനീതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളെ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

16 വൃദ്ധസദനങ്ങളാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകാരത്തോടെയുള്ള 632 വൃദ്ധസദനങ്ങളും ഉണ്ട്. ഇവിടിയെല്ലാമായി 29,767 പേരെ താമസിപ്പിക്കാനാകും. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടേക്ക് മാറ്റും. അല്ലെങ്കില്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലേക്കോ മറ്റു വൃദ്ധസദനങ്ങളിലേക്കോ ആകും മാറ്റുക.

ആശുപത്രികളില്‍ നിന്ന് വയോജനങ്ങളെ ഏറ്റെടുക്കുമ്ബോള്‍ ചികിത്സാ സംബന്ധിയായ രേഖകളും ക്ഷേമസ്ഥാപനങ്ങള്‍ക്ക് നല്‍കണം. രേഖകളുടെ അസല്‍ ആശുപത്രി സൂപ്രണ്ട് സൂക്ഷിക്കും. താമസക്കാര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യവും മരുന്നുകളും ആരോഗ്യ അധികൃതര്‍ ഉറപ്പാക്കണം എന്നും നിര്‍ദേശമുണ്ട്