തെരഞ്ഞെടുപ്പ് കമ്മിഷന് ചട്ടങ്ങൾ മറികടക്കാനാകില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

single-img
28 October 2026

തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരങ്ങളുണ്ടെങ്കിലും നിലവിലുള്ള ചട്ടങ്ങൾ മറികടക്കാനാകില്ലെന്ന് സുപ്രീം കോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.

എന്യൂമറേഷൻ ഫോം സമർപ്പിക്കാത്തതിന്റെ പേരിൽ ഒരാളുടെ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോയെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചു. പേര്, പ്രായം, വിലാസം എന്നിവയിലെ പൊരുത്തക്കേടുകളുടെ പേരിൽ വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഫോമുകളിൽ വരുത്തുന്ന മാറ്റങ്ങൾ ഇലക്ടറൽ ചട്ടങ്ങളുടെ ലംഘനമാകാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ബിഹാർ കേസിലെ വിധിയിൽ ഈ നടപടികളുടെ നിയമസാധുത പരിഗണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എസ്‌ഐആറിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. വോട്ടർപട്ടിക പരിഷ്‌കരണ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങൾക്കും നിയമപരമായ നിയന്ത്രണങ്ങൾക്കും ഇടയിലുള്ള പരിധി വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.