പിണറായിക്കെതിരെ ഇഡി കള്ളക്കേസ് എടുത്തു ; കേന്ദ്ര ഏജൻസികൾക്കെതിരെ എം.വി. ഗോവിന്ദൻ

single-img
28 October 2026

കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയൻ നേരിട്ട് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളക്കേസ് എടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയനെ വേട്ടയാടാനാണ് കേന്ദ്രം ശ്രമിച്ചതെന്ന് ഗോവിന്ദൻ പറഞ്ഞു. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇഡി നടപടികളിലേക്ക് കടന്നതെന്നും പിണറായിയുടെ വീട് ഉൾപ്പെടെ റെയ്ഡ് നടത്തിയിട്ടും കേസിൽ തെളിവുകളില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

എസ്എൻഡിപി യോഗത്തെ വർഗീയതയുമായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. ചാതുർവർണ്യത്തെയും സനാതന ധർമത്തെയും മനുസ്മൃതിയെയും അനുകൂലിക്കുന്ന ബിജെപിയോടൊപ്പം ബിഡിജെഎസ് പ്രവർത്തിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു ഒരിക്കലും ചാതുർവർണ്യത്തെ അംഗീകരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ, എസ്എൻഡിപിയെ ബിജെപിയുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വ്യക്തമാക്കി.