നിയമസഭ കയ്യാങ്കളിക്കേസ് കോടതി ഇന്ന് പരിഗണിക്കും;മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

single-img
14 September 2022

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിയമസഭ കയ്യാങ്കളിക്കേസ് ഇന്ന് പരിഗണിക്കും. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും.

വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കിയത്.

വിചാരണ നടപടികളുടെ തീയതിയും കോടതി ഇന്ന് തീരുമാനിക്കും. മന്ത്രി വി ശിവന്‍കുട്ടി, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.

അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച്‌ കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 2015 മാര്‍ച്ച്‌ 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷമായ ഇടതുമുന്നണി തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ സംഘര്‍ഷത്തിനിടെ പ്രതികൾ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കുറ്റപത്രം.കേസ് പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. 2015ലെ ബജറ്റ് അവതരണ വേളയില്‍ സ്പീക്കറുടെ വേദിയും മൈക്കും കമ്ബ്യൂട്ടറുമെല്ലാം തകര്‍ത്ത പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ ദേശീയതലത്തില്‍പ്പോലും വന്‍ ചര്‍ച്ചയായിരുന്നു.