താക്കറെ പക്ഷത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി; യഥാര്‍ഥ ശിവസേനയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും

single-img
27 September 2022

ഏക്‌നാഥ്‌ ഷിണ്‍ഡേ പക്ഷത്തിനേതിരേയുള്ള നിയമ പോരാട്ടത്തില്‍ ഉദ്ദവ് താക്കറെയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. യഥാര്‍ഥ ശിവസേന ആരുടേതാണെന്ന് തീരുമാനിക്കുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ദവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി.

ഈ വർഷം ജൂണ്‍ മാസത്തിലാണ് ഉദ്ദവിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ഷിൻഡെ പക്ഷം കാലുമാറിയതിനെ തുടർന്ന് താഴെ വീണത്. അതിനുപിന്നാലെ ബിജെപിയുമായി സഖ്യം ഉണ്ടാക്കി ഷിണ്‍ഡേ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് കൂറ് മാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീം കോടിതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഈ പരാതി സുപ്രീം കോടതി അഞ്ചംഗ ഭരണഘാടനാ ബെഞ്ചിനും വിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിച്ചത്. ശിവസേനയുടെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിണ്‍ഡേ പക്ഷത്തായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ താക്കറെയ്ക്ക് തിരിച്ചടിയാകാനാണ് സാധ്യത.