നയപ്രഖ്യാപന പ്രസം​ഗത്തിനിടെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

single-img
9 January 2023

തമിഴ്‍നാട് മന്ത്രിസഭയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനിടെ തമിഴ്നാട് ​ഗവർണർ ആർ എൻ രവി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗവർണർക്ക് സർക്കാർ എഴുതികൊടുത്തതല്ല സഭയിൽ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞതോടെയാണ് ഇറങ്ങിപ്പോക്ക് ഉണ്ടായത് .

നയപ്രഖ്യാപനത്തിൽ മതേതരത്വത്തെ പരാമർശിക്കുന്ന ഭാ​ഗങ്ങളും പെരിയാർ, ബി ആർ അംബേ​ദ്കർ, കെ കാമരാജ്, സി എൻ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളേയും പ്രസം​ഗത്തിൽ പരാമർശിച്ചിരുന്നു. പക്ഷെ ​ഗവർണർ ആർ എൻ രവി ഈ ഭാ​ഗങ്ങളെല്ലാം ഒഴിവാക്കുകയായിരുന്നു.

ഇന്ന് സഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ നയപ്രഖ്യാപന പ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ ​ഗവർണർ വെട്ടിയതും ഭരണപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു . ​ഗവർണർ സ്വീകരിച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.

സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രസം​ഗം വായിക്കണമെന്ന് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടതോടെയാണ് ​ഗവർണർ ഇറങ്ങിപ്പോയത്. തമിഴ്നാടിനേക്കാൾ നല്ലത് തമിഴകമാണെന്ന ​ഗവർണറുടെ പരാമർശത്തിനെതിരെ സഭ ചേർന്നത് മുതൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ആർഎസ്എസ്- ബിജെപി പ്രത്യേയശാസ്ത്രം അടിച്ചേൽപ്പിക്കരുതെന്ന മുദ്രാവാക്യം വിളികളോട് കൂടിയായിരുന്നു പ്രതിഷേധം.