ആഗോള ബോക്സ് ഓഫീസിൽ കുതിച്ച് ‘സീൻ’; 252.45 കോടി നേടി സൂര്യ ചിത്രം

single-img
18 November 2026

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീൻ’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. റിലീസിന് പിന്നാലെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 252.45 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സൂര്യ, നസ്രിയ നസീം, നസ്‌ലൻ എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

മാസ് ആക്ഷനും നർമവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രം ഒരു സമ്പൂർണ എന്റർടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. പൊലീസ് ഓഫീസറായ ഡി.എസ്.പി. ഇമ്പരാജിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. സ്റ്റൈലിഷും കരുത്തുറ്റതുമായ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദൃശ്യ മികവിനും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതത്തിനും പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്.

സൂര്യയ്ക്കും നസ്രിയയ്ക്കും നസ്‌ലനും പുറമെ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്. മലയാളത്തിലെ ശ്രദ്ധേയ കൂട്ടുകെട്ടായ ജിത്തു മാധവനും സംഗീത സംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഴഗരം സ്റ്റുഡിയോസിന്റെയും 2ഡി എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.