സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരിൽ കാൽ ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന സ്വീകരണം നൽകും

single-img
5 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ വിജയിച്ച സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരിൽ സ്വീകരണം നൽകും. ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാൽ ലക്ഷം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്.

വോട്ടെടുപ്പിൽ സുരേഷ് ഗോപിയുടെ മുന്നിൽ ഗുരുവായൂർ മണ്ഡലം മാത്രമാണ് ഇളകാതെ നിന്നത്. ഇടത്പക്ഷത്തിന്റെ കോട്ടകളായ മണലൂരും നാട്ടികയുമടക്കം 6 മണ്ഡലങ്ങളും സുരേഷ് ഗോപിക്കൊപ്പം നിന്നപ്പോൾ മുരളീധരനൊപ്പമായിരുന്നു ഗുരുവായൂർ. 7 ഇടത്തും ഇടത് എം.എൽഎ മാരുള്ള മണ്ഡലത്തിൽ 6 ഉം ബിജെപിയ്ക്ക് ഒപ്പം നിന്നു.

പ്രതീക്ഷിച്ചപോലെ തൃശ്ശൂർ നിയമസഭ മണ്ഡലത്തിലാണ് ഉയർന്ന ഭൂരിപക്ഷം. 14117 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ മാത്രം സുരേഷ് ഗോപി നേടിയത്. പരമ്പരാഗതമായി യുഡിഎഫ് വോട്ട് ബാങ്കിയിരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള ഒല്ലൂർ, ഇരിങ്ങാലക്കുട മണ്ഡലത്തിൽ ,10,363 ഉം 13,006 മായിരുന്നു ബിജെപി ഭൂരിപക്ഷം.

കരുവന്നൂർ ബാങ്കും ഇരകളുമുള്ള ഇരിങ്ങാലക്കുടയിൽ സുരേഷ് ഗോപി നടത്തിയ പദയാത്ര തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. ഗുരുവായൂർ നാട്ടിക, പുതുക്കാട്, ഒല്ലൂർ, മണലൂർ, മണ്ഡലങ്ങളിൽ വി.എസ്.സുനിൽ കുമാർ രണ്ടാമതെത്തിയപ്പോൾ തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.