സംസ്ഥാന സർക്കാരിനെതിരെ ജനവികാരം ഇല്ല; എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും: എം.വി. ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ പ്രതികൂല വികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. സിപിഐഎം നടത്തിയ ഗൃഹസമ്പർക്ക പരിപാടിയിലൂടെയാണ് ഇത് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജനങ്ങളോട് കൂടുതൽ അടുക്കേണ്ടതിന്റെ ആവശ്യകതയും ഗൃഹസന്ദർശനങ്ങളിൽ നിന്ന് ബോധ്യപ്പെട്ടതായി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
ജനങ്ങൾ മുന്നോട്ടുവച്ച വിമർശനങ്ങൾ പാർട്ടി ഗൗരവത്തോടെ ഉൾക്കൊള്ളുമെന്നും, ഉണ്ടായ പിഴവുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിപിഐഎമ്മിനെതിരെ ഇപ്പോൾ നടക്കുന്നത് കള്ളപ്രചാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്നും, വർഗീയ വിരുദ്ധമല്ലാത്ത ഭാഷയിൽ ആരെങ്കിലും സംസാരിച്ചാൽ അതിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒരു മടിയുമില്ലെന്നും, എന്നിട്ടാണ് സിപിഐഎമ്മിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.


