തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി

single-img
12 February 2024

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കോടതി . ഹൈക്കോടതിക്ക് നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു.

തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന്‌ കേരളാ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു കെ ബാബു സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകിയത്. കഴിഞ്ഞ വര്‍ഷം മാർച്ചിലാണ് തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്.

ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയർത്തിയായിരുന്നു എം സ്വരാജിന്റെ ഹർജി. എന്നാൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ വാദം. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്.