വന്ദേമാതരം സെമിനാറിൽ രണ്ടാം ദിവസവും വിദ്യാർത്ഥി പ്രതിഷേധം;കേന്ദ്രസർവകലാശാലയിൽ സെഷൻ നിർത്തിവെച്ചു

പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ രണ്ടാം ദിവസവും വിദ്യാർത്ഥി പ്രതിഷേധം ശക്തമായി. പ്രതിഷേധം രൂക്ഷമായതോടെ ബുധനാഴ്ച ഉച്ചയ്ക്ക് നടത്താനിരുന്ന സെഷൻ പൂർത്തിയാക്കാനാകാതെ നിർത്തിവെച്ചു.
ഉച്ചയ്ക്ക് 12.15 മുതൽ 1.30 വരെ നിശ്ചയിച്ചിരുന്ന സെഷനാണ് വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചത്. സർവകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗം പ്രൊഫസറും പ്രോക്ടറുമായ പി. ശ്രീകുമാർ പ്രബന്ധം അവതരിപ്പിക്കാൻ തുടങ്ങിയതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
‘ആർഎസ്എസ് ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ വേദിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഷൂ ഉയർത്തിപ്പിടിച്ചും പ്രതിഷേധം നടന്നു. സർവകലാശാലയിൽ സംഘപരിവാർ അജണ്ടകളും കാവിവൽക്കരണവും നടപ്പാക്കുന്നതിന് പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇടപെടലുകൾ നടക്കുന്നതായി വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.
സ്കൂൾ ഓഫ് ലാംഗ്വേജസ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ സംഘടിപ്പിച്ച ദേശീയ സെമിനാറിനെ സംഘപരിവാർ വേദിയാക്കി മാറ്റിയത് ശ്രീകുമാറിന്റെ ഇടപെടലിലൂടെയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. പ്രോക്ടർ പദവിയിൽ തുടരാൻ ശ്രീകുമാറിന് അർഹതയില്ലെന്നും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സെമിനാറിന്റെ സമാപനദിനത്തിൽ ശ്രീകുമാറിനെ പ്രബന്ധം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ തടഞ്ഞ് എബിവിപി പ്രവർത്തകരെ മാത്രം സെമിനാർ ഹാളിലേക്ക് പ്രവേശിപ്പിച്ചതായുള്ള ആരോപണവും വിദ്യാർത്ഥികൾ ഉന്നയിച്ചു. ഇതിലും കടുത്ത പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉയർന്നത്.
പരിപാടിയുടെ ആദ്യദിനമായ ചൊവ്വാഴ്ച ആർഎസ്എസ് നേതാവ് കെ. നന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുത്തതിനെതിരെയും വിദ്യാർത്ഥികൾ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ പൊലീസ് കാമ്പസിനകത്ത് പ്രവേശിച്ച് വിദ്യാർത്ഥികളെ മർദിച്ചതായും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും പ്രതിഷേധക്കാർ ആരോപിച്ചു.
വിദ്യാർത്ഥികളെ നേരിടാൻ പൊലീസിന് ഒത്താശ ചെയ്തതായി ആരോപണമുയർന്ന പ്രോക്ടർ ഉൾപ്പെടെയുള്ള സർവകലാശാല അധികൃതർ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യവും വിദ്യാർത്ഥികൾ ഉന്നയിച്ചു. സെമിനാറുമായി ബന്ധപ്പെട്ട പ്രതിഷേധം രണ്ടാം ദിവസവും ശക്തമായി തുടരുകയാണ്.


