ചേരാനല്ലൂർ വാഹനാപകടം: കുറ്റക്കാർക്ക് ആനുകൂല്യമില്ലെന്ന് മന്ത്രി; സ്കൂൾതലം മുതൽ ബോധവൽക്കരണം

single-img
25 October 2026

എറണാകുളം ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട വ്യാപാരി മരിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. പ്രായപൂർത്തിയാകുന്നതിന് മുമ്പ് വലിയ വാഹനങ്ങളുമായി നിരത്തിലിറങ്ങി ആളുകളുടെ ജീവനെടുക്കുന്നത് സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കുറ്റക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ചിറ്റൂരിൽ തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ പുലർച്ചെ കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചുതെറിപ്പിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിനു പിന്നാലെ കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയെന്നും വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ സമീപത്തെ സർവീസ് റോഡിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണവും നടപടികളും സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

എറണാകുളത്ത് ഇത്തരം വാഹനാപകടങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ മന്ത്രി, പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് അഭ്യർഥിച്ചു. അപകടമുണ്ടായശേഷം നടപടി സ്വീകരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, നവംബർ 15 മുതൽ റോഡ് സേഫ്റ്റി മിഷന്റെ നേതൃത്വത്തിൽ സ്കൂൾതലം മുതൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.