ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു

single-img
18 October 2022

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു.

കേദാര്‍നാഥ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ടുപൈലറ്റുമാരും ഉള്‍പ്പെടുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ ഗരുഡ് ഛഠിയില്‍വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

അപകടത്തില്‍ ആറ് പേര്‍ മരിച്ചതായി ഉത്തരാഖണ്ഡ് സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനവ് കുമാര്‍ അറിയിച്ചു, സ്വകാര്യ കമ്ബനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍ നിന്നും മടങ്ങുന്നതിനിടെ ഹെലികോപ്റ്ററിന് പെട്ടന്ന് തീപിടിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേന അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് രക്ഷാദൗത്യം ഏറെ ദുഷ്‌കരമാണ്. ചെങ്കുത്തായ മലനിരയും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തെ കുറിച്ച്‌ ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്ന് വ്യോമയാനമന്ത്രി പറഞ്ഞു.