കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യൻ; കെ സുധാകരന്‍

single-img
31 August 2022

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്. അദ്ദേഹത്തിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെ. കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ ജയിക്കും. ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുമെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന ജനാധിപത്യ പാര്‍ട്ടിയില്‍ മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കെ സുധാകരനും അവകാശമുണ്ട്. ശശി തരൂരിനും അവകാശമുണ്ട്. എനിക്ക് ആഗ്രഹമുണ്ടെങ്കില്‍ എനിക്കും മത്സരിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ മത്സരിക്കാന്‍ അര്‍ഹതയുള്ള ആളാണെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് ശശി തരൂര്‍ എംപി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മത്സര രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. മഹത്തായ പാരമ്ബര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു കുടംബത്തിന് മാത്രമേ നയിക്കാനാകൂ എന്ന തരത്തില്‍ വിശ്വാസത്തെ പരിമിതപ്പെടുത്തരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു