മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിക്കും; പൊതുപരിപാടികളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും

മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും.
യാത്രയ്ക്കിടെ നിലവിലുള്ള എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങൾക്ക് പുറമേ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. മന്ത്രിമാരുടെ സുരക്ഷ വർധിപ്പിക്കാനും തീരുമാനമുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരുന്നു. നിയന്ത്രണമില്ലാത്ത ജനക്കൂട്ടം മുഖ്യമന്ത്രിക്ക് സമീപമെത്തുകയും ശരീരത്തിൽ സ്പർശിക്കുന്ന തരത്തിൽ അടുത്തിടപഴകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് നിർദേശം.
പൊതുപരിപാടികളിലും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളിലും യൂണിഫോമിലുള്ള പൊലീസുകാർക്ക് പുറമേ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നാണ് ഇന്റലിജൻസ് മേധാവിയുടെ നിർദേശം.


