സ്‌കൂൾ തുറക്കൽ; സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം: മുഖ്യമന്ത്രി

single-img
22 May 2023

സംസ്ഥാനത്തു സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിന്റെ മുൻപായി മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സ്‌കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം.

സ്‌കൂളുകളിൽ പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടത്തി സ്‌കൂള്‍ ശുചീകരിക്കണം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡണ്ട് അസോസിയേഷനുകള്‍, അദ്ധ്യപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ മുതലായവയെ സഹകരിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി കൈക്കൊള്ളണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കണം. സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള ഐ.ടി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഹാര്‍ഡ്വെയര്‍ ക്ലിനിക്ക് നടത്തി കമ്പ്യൂട്ടറുകളുടെയും ഇതര ഐടി ഉപകരണങ്ങളുടെയും പരിശോധന പൂര്‍ത്തീകരിച്ച് അറ്റകുറ്റ പണികള്‍ ആവശ്യമെങ്കില്‍ നടത്തണം.

പൂര്‍ണമായും ഉപയോഗശൂന്യമായവ ഒഴിവാക്കണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം.

കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണ നടപടികള്‍പൂര്‍ത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ശ്രദ്ധിക്കണം.