സൗദിയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം

സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പള വിതരണം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി, ജനുവരി ഒന്നുമുതൽ വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കുന്നു. തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനുമാണ് മന്ത്രാലയം ഈ സുപ്രധാന തീരുമാനം എടുത്തത്.
പുതിയ വ്യവസ്ഥ പ്രകാരം എല്ലാ തൊഴിലുടമകളും തങ്ങളുടെ ഗാർഹിക തൊഴിലാളികൾക്കായി ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കണം. ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളിലൂടെയോ മറ്റ് അംഗീകൃത ബാങ്കുകളിലൂടെയോ മാത്രമേ ഇനി ശമ്പളം കൈമാറാൻ അനുമതിയുണ്ടാകൂ.
ശമ്പളം കൃത്യസമയത്ത് തൊഴിലാളികൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം, തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഭാവിയിൽ ഉണ്ടാകാവുന്ന സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായകമാകും. ബാങ്ക് വഴി ലഭിക്കുന്ന തുക തൊഴിലാളികൾക്ക് എടിഎം കാർഡുകൾ ഉപയോഗിച്ച് നേരിട്ട് പിൻവലിക്കാനോ സ്വന്തം നാട്ടിലേക്ക് അയക്കാനോ കഴിയും.
നിയമം ലംഘിച്ച് നേരിട്ട് പണമായി ശമ്പളം നൽകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 ജനുവരി ഒന്നോടെ സൗദി അറേബ്യ മുഴുവൻ ഈ നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.


