സഞ്ജു-അഭിഷേക് ഓപ്പണിംഗ് കൂട്ടുകെട്ട്; വൈഭവിന് അവസരം പരിമിതമെന്ന് ഗംഭീർ

മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായി തുടരുന്നതിനാൽ 15-കാരൻ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ട്വന്റി-20 ടീമിലെ അവസരങ്ങൾ പരിമിതമാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീർ. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിൽ വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നതിന്റെ കാരണം താരത്തോട് നേരിട്ട് സംസാരിച്ച് വ്യക്തമാക്കിയെന്നും ഗംഭീർ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ സമ്മർദ്ദമോ പുറത്തുനിന്നുള്ള പ്രതികരണങ്ങളോ പരിഗണിച്ചല്ല പ്ലെയിങ് ഇലവൻ തീരുമാനിക്കുന്നതെന്ന് ഗംഭീർ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി മികച്ച പ്രകടനം നടത്തുന്ന സീനിയർ താരങ്ങളെ മൂന്നോ നാലോ മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ചില മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ സഞ്ജു സാംസണെയും അഭിഷേക് ശർമ്മയെയും ഒഴിവാക്കി പുതിയ താരത്തെ ഉൾപ്പെടുത്തുന്നത് നീതിയാകില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ജനപ്രിയ തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ ടീമിന് ഗുണകരമായ ശരിയായ തീരുമാനങ്ങളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ടീമും എല്ലായ്പ്പോഴും വിജയിക്കില്ലെന്നും ഏതാനും മത്സരങ്ങളിലെ മോശം പ്രകടനം കൊണ്ട് ഒരു താരം മോശം കളിക്കാരനാകില്ലെന്നും ഗംഭീർ പറഞ്ഞു. ടീമിലെ സ്ഥിരതയും താരങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതുമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


