ജെൻഡർ യൂണിഫോം വിഷയത്തില്‍ സമസ്ത പറയുന്നതാണ് ശരി: ഇ പി ജയരാജൻ

single-img
4 September 2022

ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാടാണ് ശരി എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അതുകൊണ്ടാണ് സർക്കാർ അംഗീകരിച്ചത് എന്നും ഇ പി ജയരാജൻ പറഞ്ഞു. സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തത് കൊണ്ടാണ് അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ എതിർപ്പ് അറിയിച്ചതോടെയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ടു പോയത്.

ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടിൽ നിന്നാണ് ഈ നിർദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്.