ആര്‍ എസ് എസിന് ജനാധിപത്യത്തില്‍ വിശ്വാസമില്ല; ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരണം എന്ന് അവര്‍ ആഗ്രഹിക്കുന്നില്ല: മുഖ്യമന്ത്രി

single-img
28 May 2023

രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഇന്ന് നടന്ന ഉദ്ഘാടനം മതപരമായ കാര്യം നിര്‍വ്വഹിക്കുന്നത് പോലെയാക്കിത്തീര്‍ത്തുവെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവേദിയില്‍ ഒരു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതല്ല ഈ നടപടിയെന്നും ആര്‍ എസ് എസ് നിര്‍ദേശപ്രകാരം ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യ എന്ന രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്‌ളിക്കാണ്. മതനിരപേക്ഷതയാണ് ഇന്ത്യ അംഗീകരിച്ചിരിക്കുന്നത്. എന്നാൽ ആര്‍ എസ് എസിന് ജനാധിപത്യത്തില്‍ വിശ്വാസമില്ല. അത് കൊണ്ട് ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരണം എന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നു തന്നെ അതിനെതിരെ ഭീഷണി ഉയരുന്നു. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ പലതും അട്ടിമറിക്കനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ പ്രത്യേകത ലെജിസ്ലേച്ചറും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവ്യും സ്വതന്ത്രമായി നിലനില്‍ക്കുന്നു എന്നതാണ്. എന്നാല്‍ ഇവിടെ ഇവയെല്ലാം തങ്ങളുടെ കാല്‍കീഴില്‍ ആകണം എന്ന നിര്‍ബന്ധം ആണ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നതിന് ഭരണകക്ഷിയായ ബി ജെ പി തടസം സൃഷ്ടിക്കുന്നു.

മനുഷ്യത്വവും രാക്ഷസീയതയും ഏറ്റുമുട്ടുന്നിടത്ത് നിക്ഷ്പക്ഷത ഉണ്ടായിക്കൂടയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഇപ്പോൾ പ്രത്യേക സാഹചര്യത്തില്‍ കൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യം പുലരണം എന്നാണ് എ്്ല്ലാവരും ആഗ്രഹിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.