തമിഴ്‌നാട്ടിൽ അണ്ണാമലൈയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് രജനീകാന്തിന്റെ മരുമകൻ

തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധ നേടുന്ന പുതിയ സംഭവവികാസമായി രജനീകാന്തിന്റെ മരുമകനും നടനും വ്യവസായിയുമായ വിശാഖൻ അണ്ണാമലൈയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരാനൊരുങ്ങുന്നു. രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്തിന്റെ ഭർത്താവാണ് വിശാഖൻ.
അണ്ണാമലൈ ആരംഭിച്ച ‘വി ദ ലീഡേഴ്സ്’ എന്ന ജനകീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് വിശാഖൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അണ്ണാമലൈക്ക് രജനീകാന്തിന്റെ പിന്തുണയുണ്ടെന്ന തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് ഈ നീക്കം ശ്രദ്ധ നേടുന്നത്.ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ ജൂൺ 5-നാണ് അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചത്.
വി ദ ലീഡേഴ്സ്’ എന്ന പേരിൽ ആരംഭിച്ച പ്രസ്ഥാനത്തിന് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 13.85 ലക്ഷത്തിലധികം പേർ അംഗത്വം നേടിയതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.
2020-ൽ ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗം രാജിവെച്ചാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ ചേർന്നതിന് പിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റായും പിന്നീട് തമിഴ്‌നാട് ബിജെപി അധ്യക്ഷനായും ഉയർന്ന അദ്ദേഹം, പുതിയ രാഷ്ട്രീയ യാത്രയുടെ തുടക്കമായാണ് ‘വി ദ ലീഡേഴ്സ്’ പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത്.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളിൽ അടിത്തട്ടിൽ നിന്ന് മാറ്റങ്ങൾ സൃഷ്ടിക്കാൻ യുവാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നാണ് അണ്ണാമലൈയുടെ ആഹ്വാനം. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അംഗത്വവും സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷനും നടത്തുന്നത്.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രസ്ഥാനം സജീവ രാഷ്ട്രീയ ശക്തിയായി മാറുമെന്നും പുതിയ തലമുറ നേതാക്കളെ വളർത്തിയെടുക്കുമെന്നും അണ്ണാമലൈ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വിശാഖന്റെ വരവ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.


