റെയിൽ ഭൂമി കുറഞ്ഞ തുകക്ക് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു; ഭൂമി നൽകുന്നത് 35 വർഷത്തേക്ക്‌

single-img
8 September 2022

റെയിൽവേയുടെ ഭൂമി കുറഞ്ഞ തുകക്ക് സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും പാട്ടത്തിനു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. പിഎം ഗതിശക്തി ശൃംഖലയുടെ ഭാഗമായി കാർഗോ ടെർമിനലുകൾ നിർമ്മിക്കുന്നതിനാണ് ഭൂമി നൽകുന്നത്. പ്രതിവർഷം വിപണിവിലയുടെ ഒന്നര ശതമാനം മാത്രമാണ്‌ പാട്ടത്തുകയായി നൽകേണ്ടത്‌.

നിലവിലെ അഞ്ചു വർഷ പാട്ട കരാർ രീതി ഇനിയില്ല. റെയിൽവേ ഭൂമി ഇപ്പോൾ കാർഗോ ടെർമിനലിന് ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയ നയ പ്രകാരം ഭൂമി ദീർഘകാല പാട്ടത്തിന് എടുക്കാം. നിലവിൽ റെയിൽ ഭൂമി കാർഗോ ആവശ്യങ്ങൾക്കായി പാട്ടത്തിന്‌ എടുത്തിരിക്കുന്നവർക്ക്‌ മത്സരലേലത്തിലൂടെ പുതിയ പദ്ധതിയിലേക്ക്‌ മാറാം.

പുതിയ പരിഷ്‌കാരം 1.2 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന്‌ റെയിൽ മന്ത്രാലയം അവകാശപ്പെട്ടു. അടുത്ത അഞ്ചു വർഷക്കാലയളവിൽ 300 പിഎം ഗതിശക്തി കാർഗോ ടെർമിനലുകൾ നിർമിക്കാനാകും. പുതുക്കിയ റെയിൽ ഭൂമി നയപ്രകാരം വൈദ്യുതി, വാതകം, ജലവിതരണം, ടെലികോം കേബിൾ, അഴുക്കുചാൽ, ഒപ്‌റ്റിക്കൽ ഫൈബർ കേബിളുകൾ, പൈപ്പുകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, ബസ്‌ ടെർമിനലുകൾ, പ്രാദേശിക റെയിൽ ഗതാഗതം, നഗരഗതാഗതം എന്നിവയ്‌ക്കായി റെയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉപാധികൾ ലളിതവൽക്കരിക്കും

റെയിൽവേ ഭൂമിയിൽ സൗരോർജ പ്ലാന്‍റ് സ്ഥാപിക്കാം. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായും ആശുപത്രി, സ്കൂൾ തുടങ്ങിയവ ആരംഭിക്കാം. വിദ്യാഭ്യാസ, ചികിത്സ സൗകര്യങ്ങൾക്കു വേണ്ടിയാണെങ്കിൽ ഭൂമി വില ചതുരശ്ര മീറ്ററിന് ഒരു രൂപ. ഇതെല്ലാം വഴി 1.20 ലക്ഷം തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്ക്. ഒപ്പം റെയിൽവേക്ക് കൂടുതൽ വരുമാനം. 90 ദിവസത്തിനകം സമഗ്ര നയരേഖ തയാറാക്കി നടപ്പാക്കും. സ്വകാര്യ ട്രെയിൻ പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.