മഹിളകൾക്കായി 2000 രൂപയുടെ ഗൃഹലക്ഷ്മി പദ്ധതി; വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി

single-img
27 April 2023

അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പാർട്ടി അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രാ വാഗ്ദാനവുമായി കോൺഗ്രസ് . തീരദേശ കർണാടക മേഖലയിലെ തിരഞ്ഞെടുപ്പ് പര്യടന വേദിയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടിയുടെ അഞ്ചാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചത് .

തങ്ങളുടെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ കോൺഗ്രസിന്റെ സർക്കാർ ഉത്തരവിറക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു . 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മഹിളകൾക്കായി 2000 രൂപയുടെ ഗൃഹലക്ഷ്മി പദ്ധതി ,തൊഴിൽരഹിതരായ യുവജനങ്ങൾക്ക്‌ ധനസഹായം നൽകുന്ന യുവനിധി പദ്ധതി , ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് 10 കിലോഗ്രാം സൗജന്യ അരി എന്നിവയായിരുന്നു കോൺഗ്രസിന്റെ മറ്റു വാഗ്ദാനങ്ങൾ.

മാറ്റത്തിനായി കോൺഗ്രസിന് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ച അദ്ദേഹം സംസ്ഥാന – കേന്ദ്ര സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു .”കർണാടകയിൽ അധികാരമേറ്റ കന്നഡിഗരുടെ ജെഡിഎസ് – കോൺഗ്രസ് സർക്കാരിനെ ബിജെപി തട്ടിയെടുക്കുകയായിരുന്നു . നിങ്ങളുടെ സ്വന്തം സർക്കാരിനെ നിങ്ങള്‍ക്ക് തിരികെ വേണ്ടേ . കർണാടക പിടിച്ചെടുത്തു മോദിക്ക് നൽകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത് . സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കർണാടകയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയത് ” രാഹുൽ വോട്ടർമാരെ ഓർമിപ്പിച്ചു.

ഇതിനുപുറമെ, ഉഡുപ്പിയിൽ മത്സ്യ തൊഴിലാളികളുമായി സംവദിച്ച രാഹുൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ അവർക്കായി 10 ലക്ഷം രൂപയുടെ ജീവൻ സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.