എന്തൊക്കെ തടസ്സങ്ങൾ നേരിട്ടിട്ടും പിന്മാറിയില്ല; നിങ്ങളുടെ സഹോദരിയായതിൽ അഭിമാനമുണ്ട്; കുറിപ്പുമായി പ്രിയങ്ക ഗാന്ധി

single-img
5 June 2024

കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ വൈകാരിക കുറിപ്പുമായി സഹോദരി പ്രിയങ്ക ഗാന്ധി. നിങ്ങളുടെ സഹോദരിയായതിൽ അഭിമാനമുണ്ട്. അവർ നടത്തിയ നുണപ്രചാരണങ്ങൾക്കിടയിലും സത്യത്തിനായി പോരാടി. എന്തൊക്കെ തടസ്സങ്ങൾ നേരിട്ടിട്ടും പിന്മാറിയില്ല. അവർ വെറുപ്പ് പടർത്തിയപ്പോള്‍ നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും ദയയുമായിരുന്നു.

നിങ്ങൾ പോരാളിയും ധൈര്യശാലിയുമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവർ ഇപ്പോൾ നിങ്ങൾ ആരാണെന്ന് തിരിച്ചറിയുന്നതായും പ്രിയങ്ക കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ അന്വേഷണ ഏജൻസികളും അദാനിയും വരെ രാഹുൽ ഗാന്ധിക്കെതിരെ അണിനിരക്കുന്ന കാർട്ടൂൺ പങ്ക് വെച്ച് സാമൂഹിക മാധ്യമമായ എക്സിൽ ആയിരുന്നു പ്രിയങ്കയുടെ കുറിപ്പ്.

ഇത്തവണ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മിന്നും ജയം നേടിയ രാഹുൽ, ഇന്ത്യാ സഖ്യത്തിന്‍റെ അമരക്കാരനായും കയ്യടി നേടുകയാണ്. ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ രാഹുൽ ഗാന്ധി 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2019ൽ റായ്ബറേലിയിൽ സോണിയ ഗാന്ധി നേടിയ വോട്ടുകളേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധിയുടെ ജയം.

167178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി 2019ൽ ദിനേശ് പ്രതാപ് സിംഗിനെ റായ് ബറേലിയിൽ പരാജയപ്പെടുത്തിയത്.