സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ല ; ഇനി എതിർക്കുകയുമില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
6 February 2024

സ്വകാര്യ മേഖല പാടില്ല എന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അന്തരാഷ്ട്ര തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തതെന്നും ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇനി എതിർക്കുകയും ഇല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബജറ്റിലെ തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദന്റെ പരാമർശം.

ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയൻ ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവർഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ ഈ ഗവൺമെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങൾക്കില്ല.

ഭരണം മാത്രമേ 5 കൊല്ലത്തിൽ മാറുന്നുള്ളൂ. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. അതേസമയം, ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്‌ഐ പറഞ്ഞു.