സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി കേരളത്തില്‍നിന്ന് മടങ്ങി; കൈകൂപ്പി യാത്ര പറഞ്ഞു മുഖ്യമന്ത്രി

single-img
2 September 2022

ഇന്ത്യ ആദ്യമായി സ്വന്തമായി നിർമ്മിച്ച വിമാനവാഹിനിയായ ഐഎന്‍സ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം പൂർത്തിയാക്കി കേരളത്തില്‍നിന്ന് മടങ്ങി. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എന്നിവരാണ് കൊച്ചി വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ യാത്രയാക്കിയത്.

കൈകൂപ്പി യാത്രപറഞ്ഞ മുഖ്യമന്ത്രിയുടെ കൈകള്‍ അടുത്തെത്തി പ്രധാനമന്ത്രി മോദി ചേര്‍ത്തുപിടിച്ചു. ഇന്ന് രാവിലെയായിരുന്നു പ്രധാനമന്ത്രി ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചത്. ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ച ഘട്ടം ഉദ്ഘാടനവും പുതിയ ഘട്ടത്തിന്‍റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചിരുന്നു.

നമ്മുടെ രാജ്യത്തിന്റെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് യുദ്ധക്കപ്പലെന്ന് മോദി പറഞ്ഞു. കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.