ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിന് കാരണം സംസ്ഥാനത്തെ മുൻ കോൺഗ്രസ് സർക്കാർ: മുഖ്യമന്ത്രി ബസവരാജ്ബൊമ്മൈ

single-img
6 September 2022

കനത്ത മഴയെത്തുടർന്ന് ബംഗളൂരു നഗരത്തിലുണ്ടായ കനത്ത വെള്ളക്കെട്ടിന്റെ ആഘാതം തുടരുന്ന സാഹചര്യത്തിൽ, നിലവിലെ വെള്ളപ്പൊക്കത്തിന് കാരണം സംസ്ഥാനത്തെ മുൻ കോൺഗ്രസ് സർക്കാരാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു.

“കർണ്ണാടകയിൽ പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 90 വർഷത്തിനിടയിൽ ഇത്തരമൊരു മഴ ലഭിച്ചിട്ടില്ല. ടാങ്കുകളെല്ലാം നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. തുടർച്ചയായ മഴയുണ്ട്. ഇന്നും മഴ പെയ്യുന്നു.”- മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൊമ്മൈ പറഞ്ഞു,

ബെംഗളൂരുവിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മുൻ കോൺഗ്രസ് സർക്കാരാണെന്നും മുഖ്യമന്ത്രി ബൊമ്മൈ ആരോപിച്ചു. മുൻ കോൺഗ്രസ് സർക്കാരിന്റെ കെടുകാര്യസ്ഥതയും ആസൂത്രിതമല്ലാത്ത ഭരണവും മൂലമാണ് ഇത് സംഭവിച്ചത്. കോൺഗ്രസ് സർക്കാരിന്റെ മോശം ഭരണത്തിന്റെ ഫലമാണിത്. തടാകങ്ങളും ബഫർ സോണും പരിപാലിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടില്ല.- അദ്ദേഹം പറഞ്ഞു.

നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ ഭരണകൂടം രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ടെന്നും നിലവിലെ മഴക്കെടുതി നേരിടുന്നതിനും ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനത്തിനുമായി 300 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.