ശ്രീനാഥ് ഭാസിക്ക് മാപ്പ് നൽകുന്നു; പരാതി പിന്‍വലിക്കുന്നിതിനേക്കുറിച്ച് ആലോചിക്കുകയാണെന്ന് അവതാരക

single-img
27 September 2022

പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ ഓൺലൈൻ വിനോദ ചാനൽ അവതാരകയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുന്നിതനേക്കുറിച്ച് ആലോചിക്കുകയാണെന്ന് അവതാരക.

വിഷയത്തിൽ താൻ ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കുകയാണെന്ന് ഒരു ചാനലിനോട് സംസാരിക്കവെ അവതാരക വ്യക്തമാക്കി. താൻ ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചെന്നും നടന്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറയുന്നു.

അവതാരകയുടെ വാക്കുകൾ; ഇങ്ങിനെ; ‘ശ്രീനാഥ് ഭാസിയെ കണ്ടു, സംസാരിച്ചു. അദ്ദേഹം എന്റെ കാല് പിടിച്ച് മാപ്പു പറയുന്ന അവസ്ഥയായിരുന്നു. ചെയ്തുപോയ തെറ്റുകളെല്ലാം, പറഞ്ഞ തെറികളൊക്കെ…റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ശ്രീനാഥ് ഭാസി പറഞ്ഞത് ‘അവരെ അങ്ങനെ തെറിയൊന്നും വിളിച്ചിട്ടില്ല’ എന്നാണ്. പക്ഷെ, ഇന്ന് നിര്‍മ്മാതാക്കളുടെ സംഘടന എന്റെ പരാതി വായിച്ചു. അതില്‍ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും, ഇതെല്ലാം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്.

ഇതിനെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ് ഒരു കലാകാരന്‍ കാലുപിടിച്ച് മാപ്പ് പറയുമ്പോള്‍ മാപ്പ് കൊടുക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കുണ്ട്. കാരണം എനിക്ക് അയാളുടെ കുടുംബത്തെയോ കരിയറിനെയോ എന്നെന്നേക്കുമായി നശിപ്പിക്കണമെന്നില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത്. നമ്മളേക്കാള്‍ താഴ്ന്ന നിലയിലുള്ള ഒരാളാണ് എന്നുള്ളതുകൊണ്ട് എന്തും പറയാം. എങ്ങനേയും പ്രവര്‍ത്തിക്കാം. ഇവിടെയാരും പ്രതികരിക്കില്ല എന്ന ചിന്താഗതി സമൂഹത്തിന്റെ ഉയര്‍ന്ന തട്ടിലുള്ളവര്‍ക്കോ മറ്റാര്‍ക്കോ ഉണ്ടാകരുത്”