പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീടും,വസ്തുക്കളും കണ്ടു കെട്ടി

single-img
20 January 2023

അവസാനം ഹൈക്കോടതിയുടെ അന്ത്യശാസനം ഫലിച്ചു. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിലെ നാശനഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും,വസ്തുക്കളും കണ്ടു കെട്ടി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്.

സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ നാളെ അഞ്ചുമണിക്ക് മുമ്പായി കണ്ടുകെട്ടാന്‍ ലാന്റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

കേരളത്തിൽ നേരത്തെ നടത്തിയ മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മുന്‍കൂര്‍ നോട്ടീസ് ഒന്നും കൂടാതെ, നേരിട്ട് ജപ്തി നടപടികളിലേക്ക് കടക്കാനാണ് നിര്‍ദേശം. ഹര്‍ത്താല്‍ അക്രമകേസിലെ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കളാണ് റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത്, ലേലം നടത്തുക.നാളെ അഞ്ചുമണിക്ക് മുമ്പായി നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍മാര്‍ക്ക് ലാന്റ് റവന്യു കമ്മിഷണര്‍ ടിവി അനുപമയുടെ ഉത്തരവ്.