സംസ്ഥാന സർക്കാരിനോട് കേന്ദ്രത്തിലെ ബിജെപി സർക്കാരിന് ചിറ്റമ്മനയമാണ്: മന്ത്രി വി ശിവൻകുട്ടി

single-img
1 May 2024

നമ്മുടെ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ വലിയ ദുരന്തമായി മാറിയിരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയർത്തേണ്ട അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾക്കെതിരെയും രാജ്യത്തിനെതിരെയും നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നമുക്ക് പ്രതികരിക്കേണ്ടതുണ്ട്. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക വർഗീയതയ്ക്കെതിരെ പോരാടുക. തൊഴിലാളി അവകാശ നിയമങ്ങളെല്ലാം മോദി സർക്കാർ റദ്ദ് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നമ്മുടെ രാജ്യത്താണ്.

വളരെയധികം ലജ്ജിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യയിലെ അസമത്വം വളരുന്നത്. ബിജെപി വർഗീയവിഷം ചീറ്റുന്നു. ആദായ നികുതി വകുപ്പ്, സിബിഐ, എൻഐഎ എന്നിവരെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. കേന്ദ്രത്തിന്റെ ഉദാരവൽക്കരണ നയങ്ങൾക്ക് ബദൽ നയം ഉയർത്തിയാണ് കേരളം നിലനിൽക്കുന്നത്. സംസ്ഥാന സർക്കാരിനോട് ബി.ജെ.പി സർക്കാരിന് ചിറ്റമ്മനയമാണ്.

അതേസമയം കുത്തക മുതലാളിമാർക്ക് അനുകൂല നയം സ്വീകരിക്കുന്നു. തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നു. കോടതികളാവട്ടെ വേണ്ടവിധത്തിൽ തൊഴിലാളികളെ പരിഗണിക്കുന്നില്ല.

പലപ്പോഴും ചുമട്ടുതൊഴിലാളികൾക്കെതിരെ കോടതി വിധികൾ വരുന്നു. ആ സ്ഥിതി തുടർന്നാൽ സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ നൽകും. വേണ്ടി വന്നാൽ ചുമട്ടുതൊഴിലാളി സംരക്ഷണത്തിന് നിയമനിർമാണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.