ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്: പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

single-img
28 February 2026

തിരുവനന്തപുരം ന​ഗരൂരിൽ പൊലീസുകാരെ അസഭ്യം പറഞ്ഞ കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രം​ഗത്തെത്തി.

ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്നാണ് അസോസിയേഷൻ പ്രതികരിച്ചത്. ആർക്കെങ്കിലും അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർ​ഗത്തിലാണ്.ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് മേധാവിയോട് അസോസിയേഷൻ ആവശ്യപ്പെട്ടു. തങ്ങളുടെ ഫ്‌ളക്‌സ് നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികൾക്ക് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് പൊലീസുകാരെ തടഞ്ഞുനിർത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അസഭ്യവർഷം നടത്തിയത്.

വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി.കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.

ചിലയിടങ്ങളിൽ സംഘർഷങ്ങളുണ്ടാകുകയും ഇരുപക്ഷവും ചേരിതിരഞ്ഞ് പോരടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നഗരൂരിൽ കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകൾ തകർക്കപ്പെടുന്നത്. പിന്നാലെ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതിചേർത്ത് പൊലീസ് കേസുമെടുത്തു. കേസെടുത്തതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ പോകുമ്പോഴാണ് പൊലീസിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയുന്നത്.