2014ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി അവധിയെടുത്തിട്ടില്ല; വിവരാവകാശ രേഖ

single-img
4 September 2023

2014ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അവധിയെടുത്തിട്ടില്ലെന്ന് വിവരാവകാശ രേഖ. പ്രധാനമന്ത്രി ഇതുവരെ എത്ര ദിവസം അവധിയെടുത്തുവെന്ന് ചോദിച്ച് പിഎംഒയ്ക്ക് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയാണിത്.

പ്രധാനമന്ത്രിയായതിന് ശേഷം മോദി അവധിയെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 31 ന് നരേന്ദ്ര മോദിയുടെ അവധി ദിവസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടി പ്രഫുല്ല പി ശാരദ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്.അതില്‍ രണ്ട് ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. പ്രധാനമന്ത്രിയായ ശേഷം ഡല്‍ഹിയിലെ പിഎംഒയില്‍ നരേന്ദ്ര മോദി എത്ര ദിവസം ഉണ്ടായിരുന്നു?
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി എത്ര ദിവസം വിവിധ പരിപാടികളില്‍ പങ്കെടുത്തു? എന്നിവയായിരുന്നു ചോദ്യങ്ങൾ.

ഈ ചോദ്യങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രി എപ്പോഴും ഡ്യൂട്ടിയിലായിരുന്നുവെന്ന മറുപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി അവധിയെടുത്തിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും അവര്‍ വ്യക്തമാക്കി.